ഒറ്റപ്പാലം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നെല്ലായ ഇരുമ്പാലശ്ശേരി കോഴിക്കുന്നത്ത് പരേതനായ മമ്മദിന്റെ മകൻ മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.45ഓടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് അപകടം.സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയ ശബരി എക്സ്പ്രസിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീഴുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ ബഹളംവെച്ചതിനെ തുടർന്ന് പൊലീസ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരണം. മാതാവ്: പാത്തുമ്മ. ഭാര്യ: കദീജ. മക്കൾ: ഫിർദൗസ്, ഫായിസ്.