മൂവാറ്റുപുഴ: റിട്ട.കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ നടുറോഡിൽ തീ കൊളുത്തി മരിച്ചു. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം താമസിക്കുന്ന കുന്നേൽ വീട്ടിൽ കെ.എൻ. അജയകുമാറാണ് (ബേബിക്കുട്ടൻ- 58) തീകൊള്ളി പാറക്ക് സമീപത്തെ പെരിയാർ വാലി കനാൽ ബണ്ട് റോഡിൽ തീ കൊളുത്തി മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന കന്നാസിൽനിന്നും പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഓടിയെത്തിയ ഇയാളുടെ സുഹൃത്ത് അടക്കമുള്ളവർ തീയണക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂവാറ്റുപുഴ നഗരത്തിൽ നിന്നും തീകൊള്ളിപ്പാറയിൽ എത്തി ആത്മഹത്യക്ക് ശ്രമിച്ചതിൽ ദുരൂഹതയുണ്ട്. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ ബാധ്യതകളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: ഉമയ. മകൾ: കീർത്തന. മരുമകൻ: അമൽ.