കുഴൽമന്ദം: ദേശീയപാത കുളവൻമുക്ക് ജങ്ഷനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധിക കാറിടിച്ച് മരിച്ചു. പുൽപ്പൂര മന്ദം പുത്തൻതറ മേട് മുത്തുവേൽ മുതലിയാരുടെ ഭാര്യ രാമത്താളാണ് (77) മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടെത്തി പെൻഷൻ വാങ്ങാനായി കുളവൻമുക്കിൽ ബസിറങ്ങി വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകൾ: സരസ്വതി. മരുമകൻ: രാമസ്വാമി. വർഷങ്ങളായി മകളോടൊപ്പം കോയമ്പത്തൂരിലാണ് താമസം.