തിരുവല്ല: കായംകുളം-തിരുവല്ല സംസ്ഥാന പാതയിലെ ആലംതുരുത്തിയിൽ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ മംഗൾകോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയിയാണ് (19) മരിച്ചത്. ആലംതുരുത്തി ജങ്ഷന് സമീപം ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. കായംകുളത്തുനിന്ന് തിരുവല്ലയിലേക്ക് വന്ന സ്വകാര്യ ബസ് ഇതേ ദിശയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹരിദാസിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ മൃതദേഹം പശ്ചിമബംഗാളിൽ എത്തിച്ച് സംസ്കരിക്കും.