കൽപകഞ്ചേരി: പ്രമുഖ സി.പി.ഐ നേതാവും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനമേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ആതവനാട് കുറുമ്പത്തൂർ സ്വദേശി ആളൂർ പ്രഭാകരൻ (76) നിര്യാതനായി.മലപ്പുറം പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റായ ഇദ്ദേഹം ദീർഘകാലം ‘ജനയുഗം’ മലപ്പുറം ജില്ല ലേഖകനായിരുന്നു. നിലവിൽ സി.പി.ഐ മലപ്പുറം ജില്ല കൗൺസിൽ അംഗമാണ്. എ.ഐ.വൈ.എഫ്, കേരള ഗ്രന്ഥശാലാ സംഘം, യുവകലാസാഹിതി എന്നിവയുടെ ജില്ല സെക്രട്ടറിയായിരുന്നു.കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, ആതവനാട് പഞ്ചായത്ത് അംഗം, മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് സാംസ്കാരിക കേന്ദ്രം സ്ഥാപക സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ആദ്യ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ ആതവനാട് ഡിവിഷനില്‍ നിന്ന് വിജയിച്ച ആളൂർ പ്രഭാകരൻ കുറ്റിപ്പുറം കേന്ദ്രീകരിച്ച് നടന്ന സാഹിത്യ ക്യാമ്പുകളുടെയും സാംസ്കാരിക പ്രവർത്തനങ്ങളുടേയും മുഖ്യസംഘാടകനായിരുന്നു.സി.പി.ഐ നേതാക്കളായിരുന്ന കൊളാടി ഗോവിന്ദൻകുട്ടി, ടി.എൻ. പ്രഭാകരൻ, പ്രഫ. പി. ശ്രീധരൻ, പി.പി. വീരാൻകുട്ടി, ഇ.എം.എസ് നാരായണൻ തുടങ്ങിയവരുമായി ആത്മബന്ധം പുലർത്തി. ഭാര്യ: രാധ. മക്കൾ: ജയശങ്കർ, സ്മിത. മരുമക്കൾ: നന്ദകിഷോർ, സ്വപ്ന. സഹോദരങ്ങൾ: രാഘവൻ, സദാനന്ദൻ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.