ചാവക്കാട്: കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ പീരുമുഹമ്മദിന്റെ മകൻ അബ്ദുൽ ഹസന്റെ (39) മൃതദേഹമാണ് മത്സ്യബന്ധനത്തിനിടയിൽ ബോട്ടുകാരുടെ വലയിൽ ലഭിച്ചത്. ചൊവ്വാഴ്ച പുലർച്ച കൊടുങ്ങല്ലൂർ മുനമ്പം കേന്ദ്രീകരിച്ച് ചൂണ്ടലിട്ട് മത്സ്യബന്ധനം നടത്തുന്ന ബോട്ടിൽനിന്ന് അബ്ദുൽ ഹസൻ തെറിച്ച് വീഴുകയായിരുന്നു. വിഴിഞ്ഞം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് ഈ സീസണിൽ ഒന്നര മാസം മുമ്പാണ് മുനമ്പത്തെത്തിയത്. താനൂരിൽ മത്സ്യം വിറ്റ ശേഷം മുനമ്പത്തേക്ക് പോകുന്നതിനിടയിലാണ് ബോട്ടിൽനിന്ന് യുവാവ് തെറിച്ച് വീണത്. സ്രാങ്കൊഴികെയുള്ളവരെല്ലാം ഉറക്കത്തിലായിരുന്നതിനാൽ അബ്ദുൽ ഹസൻ തെറിച്ചുവീണത് ആരുമറിഞ്ഞിരുന്നില്ല. അബ്ദുൽ ഹസനെ കാണാതായെന്നറിഞ്ഞതിനെ തുടർന്ന് അവർ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കടപ്പുറം മുനക്കക്കടവിൽനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ പൊള്ളക്കായി ഖാദറിന്റെ ഉടമസ്ഥതയിലുള്ള നൂറുൽ ഹുദ എന്ന ബോട്ടിലെ തൊഴിലാളികൾക്കാണ് മൃതദേഹം കിട്ടിയത്. അജ്ഞാത മൃതദേഹമെന്ന് കരുതി വിവരം മുനക്കക്കടവ് തീര പൊലീസിനെ അറിയിച്ച് ബോട്ടുകാർ കരയിലെത്തിയ ശേഷമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. മുനക്കക്കടവ് തീര പൊലീസിന്റെ മേൽ നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം വിഴിഞ്ഞത്തേക്ക് കൊണ്ടുപോയി. മാതാവ്: വിയ്യാത്തുമ്മ. ഭാര്യ: സക്കീന. മകൾ: സഫ ഫാത്തിമ.