കോലഞ്ചേരി: വീട്ടിൽ പുതുതായി നിർമിച്ച കിണറ്റിൽ കാൽവഴുതി വീണ് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. കോലഞ്ചേരി മാങ്ങാട്ടൂർ മൂട്ടമോളയിൽ അനിമോന്റെ മകൻ വൈഷ്ണവാണ് (18) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് അപകടം. 17 അടി താഴ്ചവരുന്ന കിണറിന്റെ പണി പൂർത്തിയായി വരുന്നതിനാൽ ചുറ്റുമതിൽ കെട്ടിയിരുന്നില്ല. അബദ്ധത്തിൽ കാൽവഴുതി വീണാണ് അപകടം സംഭവിച്ചത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് എം.കെ. അനിമോൻ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി ഡിവിഷൻ പ്രസിഡന്റും പട്ടിമറ്റം കെ.എസ്.ഇ.ബി ജീവനക്കാരനുമാണ്. മാതാവ്: നിർമല. സംസ്കാരം വ്യാഴാഴ്ച നടക്കും.