ചാരുംമൂട്: ടൗൺ സിഗ്നലിൽ വാഹനാപകടത്തിൽ ഹോംഗാർഡ് മരിച്ചു. താമരക്കുളം കിഴക്കേമുറി ഉല്ലാസ് നിവാസിൽ രാജശേഖരൻ പിള്ളയാണ് (62) മരിച്ചത്. കായംകുളം അഗ്നിരക്ഷാനിലയത്തിലെ ഹോംഗാർഡ് ആയിരുന്നു. ബുധനാഴ്ച പുലർച്ച 5.30ഓടെ കായംകുളത്തുനിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുകയായിരുന്നു. സിഗ്നൽ കടന്ന് താമരക്കുളത്തിന് തിരിയുമ്പോൾ പന്തളം ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചു. ഫുട്പാത്തിലേക്ക് തെറിച്ചുവീണ് അതി ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈന്യത്തിൽനിന്ന് വിരമിച്ചശേഷം ഹോംഗാർഡായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: വിജേഷ്, അജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.