കൊച്ചി: സി.പി.ഐ-എം.എൽ മുൻകാല നേതാവും മാധ്യമ, സാംസ്കാരിക പ്രവർത്തകനുമായ കെ.സി. സെബാസ്റ്റിൻ (സെബാട്ടി -62) നിര്യാതനായി. ഏറക്കാലമായി അർബുദ ബാധിതനായിരുന്നു.
സി.പി.ഐ-എം.എൽ, ജനകീയ സാംസ്കാരിക വേദി പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായി ഒട്ടേറെ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. കെ. വേണുവിന്റെ വിവാഹം പൊതു ചടങ്ങിൽ നടത്തിയത് സെബാസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു.
നിരവധി ദേശീയ-അന്തർദേശീയ ചലച്ചിത്രോത്സവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള അദ്ദേഹം ‘സമീക്ഷ’ മുൻ ചീഫ് സബ് എഡിറ്ററും ഗ്രന്ഥകാരനുമാണ്. പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമാന്തര ചലച്ചിത്രപ്രവർത്തകരുടെ കൂട്ടായ്മ ഒഡേസയുടെ സജീവ പ്രവർത്തകനായിരുന്നു. ആലുവ സെന്റ് സേവിയേഴ്സ് ട്രെയ്നിങ് കോളജ് പ്രിൻസിപ്പൽ സാലി ജോസഫാണ് ഭാര്യ. മകൾ: കണ്ണകി നാറ്റ്സിനെറ്റ് (എൻജിനീയറിങ് വിദ്യാർഥിനി). മൃതദേഹം കൊച്ചി വടുതല പള്ളിക്കടുത്തുള്ള കൊളരിക്കൽ വീട്ടിൽ ശനിയാഴ്ച രാവിലെ പൊതുദർശനത്തിന് വെക്കും. മതാചാരങ്ങളില്ലാതെ വൈകീട്ട് നാലിന് പച്ചാളം പൊതുശ്മശാനത്തിൽ സംസ്കരിക്കും