തൃശൂർ: നഗരത്തിൽ ബസും ബൈക്കും കൂട്ടിയിടിച്ച് എൻട്രൻസ് പരിശീലന വിദ്യാർഥി മരിച്ചു. പൂങ്കുന്നത്ത് ദേശാഭിമാനി പ്രസിന് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പുന്നയൂർക്കുളം ചക്കിട്ടയിൽ അസ്ലമിന്റെ മകൻ അൻസിൽ അസ്ലമാണ് (19) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ തൃശൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന സഹാറ ബസ് അൻസിൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ അൻസിൻ മരിച്ചു. അമിത വേഗതയിലായ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഗുരുവായൂർ ഭാഗത്തു നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന വിദ്യാർഥിയെ ഇടിച്ചിടുകയായിരുന്നു. എൻട്രൻസ് ക്ലാസിനായി തൃശൂരിലേയ്ക്ക് വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. പെരുമ്പിലാവ് അൻസാർ സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം പ്ലസ്ടു പൂർത്തിയാക്കിയ അൻസിൻ ഇക്കുറി നീറ്റ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു. പിതാവ് അസ്ലം ഷാർജയിലാണ്. നേരത്തെ കുടുംബസമേതം ഷാർജയിൽ ആയിരുന്ന ഇവർ മാതാവ് നിഷയുടെ പെരുമ്പിലാവിലെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. പുതുതായി നിർമിച്ച പുന്നയൂർക്കുളത്തെ വീട്ടിലേയ്ക്ക് താമസം മാറാനുള്ള തയാറെടുപ്പിലായിരുന്നു. സഹോദരൻ: ആമിൽ (അൻസാർ സ്കൂൾ വിദ്യാർഥി). ടൗണ്‍ വെസ്റ്റ് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഖബറടക്കം ശനിയാഴ്ച രാവിലെ പുന്നയൂർക്കുളം കോറോത്തയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.