മൂന്നാർ: മൂന്നാർ സന്ദർശിക്കുന്നതിനിടെ ചിത്തിരപുരം വ്യൂ പോയന്റിന് സമീപം കാഴ്ചകൾ കണ്ടിരുന്ന നാൽവർ സംഘത്തിൽ ഒരാൾ ഇടിമിന്നലേറ്റ് മരിച്ചു. ശനിയാഴ്ച വൈകീട്ട് 5.45നാണ് സംഭവം. തൃശൂർ കുരിയച്ചിറ സ്വദേശി കുന്നൻകുമരത്ത് ലിജു ജോസാണ് (34) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശൂർ പടവരാട് സ്വദേശി സുമൻ സൈമന്റെ (34) കാലിന് ഇടിമിന്നലിൽ പരിക്കുണ്ട്. ശനിയാഴ്ച രാവിലെയാണ് നാൽവർ സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. വ്യൂ പോയന്റിന് സമീപം പാറയിൽ കയറിയിരുന്ന് ചിത്രം പകർത്തുന്നതിനിടെയാണ് മിന്നലേറ്റത്. തൃശൂരിൽ മെഡിക്കൽ റപ്പായി ജോലിചെയ്യുകയായിരുന്നു ലിജു ജോസ്. ജോസ്-ലൈല ദമ്പതികളുടെ മകനാണ്. സഹോദരൻ: ജിതു. കാലിന് ഗുരുതര പരിക്കേറ്റ സുമൻ സൈമനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലിജു ജോസിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.