കുമളി: സംസ്ഥാന അതിർത്തിയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കുമളിക്കും ലോവർ ക്യാമ്പിനും ഇടയിൽ തമിഴ്നാട്ടിലെ ഭഗവതി അമ്മൻ ക്ഷേത്രത്തിനുസമീപമാണ് അപകടം. ഗൂഡല്ലൂർ കൺകാളിപുരം സ്വദേശികളായ നാരായണസ്വാമി (70), ഭാര്യ അമുദ (58) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കാഞ്ചിമരത്തുറൈയിലെ തെങ്ങിൻ തോപ്പിൽ കൃഷിക്ക് വെള്ളം തുറന്നുവിടാൻ പോയി മടങ്ങുകയായിരുന്ന കർഷകദമ്പതികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ കുമളിയിൽനിന്ന് തേനി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടസ്ഥലത്ത് തെറിച്ചുവീണ നാരായണ സ്വാമി അവിടത്തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഭാര്യ അമുദയെ ആദ്യം കമ്പം സർക്കാർ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന കോട്ടയം കങ്ങഴ സ്വദേശി മുഹമ്മദ് ഷിയാസിനെ (33) ലോവർ ക്യാമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.