തിരുവല്ല: ളായിക്കാട്ട് കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പന്തളം മങ്ങാരം നാലു തുണ്ടത്തിൽ വീട്ടിൽ സിറാജുദ്ദീൻ റാവുത്തറുടെ മകൻ ഷഹാസാണ് (45) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ളായിക്കാട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഇരു വാഹനവും തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്നു. പാലായിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഷഹാസ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷഹാസിന്റെ തലയിൽക്കൂടി ബസിന്റെ പിൻചക്രം കയറി. തിരുവല്ല പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കി. പലചരക്ക് കടകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് ഷഹാസിന്. കച്ചവട ആവശ്യത്തിന് ചങ്ങനാശ്ശേരി മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്നു. മാതാവ്: റഹാനത്ത് ബീവി. ഭാര്യ: ഷീബ. മക്കൾ: ആരിഫ്, അസ്ലം, മറിയം. ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് മങ്ങാരം മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.