ചെറുതോണി: വാഴത്തോപ്പ് പേപ്പാറയിൽ പിക്അപ് വാഹനത്തിൽനിന്ന് വീണ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. സംസ്ഥാനപാതയുടെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന പശ്ചിമബംഗാൾ സ്വദേശി ദേവാസിസ് മജിയാണ് (20) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം. നിർമാണത്തൊഴിലാളിയായ ദേവാസിസ് രാവിലെ പണിസ്ഥലത്തേക്ക് പോകുമ്പോൾ പിക്അപ്പിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ മുൻസീറ്റിൽ ഡോറിനോട് ചേർന്ന് ഫോണിൽ സംസാരിച്ചിരിക്കുമ്പോൾ അബദ്ധത്തിൽ വെളിയിലേക്ക് തെറിച്ചുവീണാണ് അപകടം. ഉടൻ സുഹൃത്തുക്കൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.