കോതമംഗലം: കുട്ടമ്പുഴ സത്രപ്പടിയിൽ മക്കപ്പുഴ കോളനിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ ഫോറസ്റ്റ് വാച്ചർ മരിച്ചു. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചർ ഞായപ്പിള്ളി കൊട്ടിശ്ശേരികുടിയിൽ കെ.എം. മാണിയാണ് (49) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കോതമംഗലത്തുനിന്ന് പിണവൂർകുടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് എതിർ ദിശയിൽനിന്ന് വന്ന ബൈക്കിൽ ഇടിച്ചു. പരിക്കേറ്റ മാണിയെ കുട്ടമ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടു. സംസ്കാരം ബുധനാഴ്ച തട്ടേക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.