മാരാരിക്കുളം: ഓമനപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കിട്ടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ ഊന്നുകല്ലുങ്കൽ വീട്ടിൽ ജോസഫിന്റെ (ഷാജി) മകൻ അബിന്റെ (15) മൃതദേഹമാണ് കിട്ടിയത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ അബിനും സഹോദരൻ ഷാരോണും കൂട്ടുകാരായ മറ്റ് ആറു പേരും കൂടിയാണ് കടലിൽ ഇറങ്ങിയത്. അബിനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഓമനപ്പുഴയിൽ പുലിമുട്ടിന് സമീപത്തായിരുന്നു അപകടം. ആലപ്പുഴയിൽനിന്ന് അഗ്നിശമന സേനയും പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. രാത്രി വൈകി തീരദേശ പൊലീസും തിരച്ചിൽ നടത്തി. ബുധനാഴ്ച രാവിലെ എട്ടോടെ പൊന്ത് വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പൂങ്കാവ് മേരി ഇമാക്യുലേറ്റ് സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിയാണ്. മാതാവ്: മേരി ഗ്രേസി.