മണ്ണഞ്ചേരി: ദേശീയപാതയിൽ കലവൂർ കെ.എസ്. ഡി.പിക്ക് മുന്നിൽ കാർ ഇടിച്ച് വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനം കയറി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതര പരിക്കേറ്റു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ വാവക്കാട്ട് ജോൺകുട്ടി സോളമനാണ് (50) മരിച്ചത്. ഭാര്യ: മേരി ഷേർളി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. കാർ ഇടിച്ച് ജോൺകുട്ടിയും മേരിയും റോഡിലേക്ക് തെറിച്ചുവീഴുകയും ഇതേസമയം മറ്റൊരു വാഹനം ജോൺകുട്ടിയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. ഈ വാഹനം നിർത്താതെപോയി. മേരിയെ ഇതുവഴി വന്ന കാറിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആംബുലൻസ് എത്തിച്ചാണ് ജോൺകുട്ടിയുടെ മൃതദേഹം കൊണ്ടുപോയത്. ചെട്ടികാട് സ്റ്റേഷനറി കട നടത്തുകയാണ് ജോൺകുട്ടി.
കാട്ടൂർ ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് മേരി ഷേർളി. മേരിയുടെ തലക്കും കാലുകൾക്കും പരിക്കുകളുണ്ട്. മക്കൾ: എബിൻ ജോൺ (ഷാർജ), അഫിൻ ജോൺ, ആൻമേരി ജോൺ, ആൻസി മേരി ജോൺ, ആൽഫിൻ ജോൺ, അൽഫോൻസ് ജോൺ, ലിയോ ജോൺ. ജോൺകുട്ടിയുടെ സംസ്കാരം വ്യാഴാഴ്ച പൊള്ളേത്തൈ തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.