പറവൂർ: കായിക-കലാ-സാമൂഹ്യരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന പറവൂർ കനാൽ റോഡ് സിത്താരയിൽ പ്രഫ. എം.എസ്. കോമളൻ (88) നിര്യാതനായി. കേരള സർവകലാശാലയുടെ വോളിബാൾ ടീം മുൻ മാനേജരും മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിങ് കോളജ്, മാല്യങ്കര എസ്.എൻ.എം. കോളജ് എന്നിവിടങ്ങളിൽ കായിക വകുപ്പ് മേധാവിയുമായിരുന്നു. എസ്.എൻ.എം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ, ജില്ല വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ്, പറവൂർ ഫാസ സ്ഥാപക പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. വോളിബാൾ ടൂർണമെന്റുകളുടെ റഫറിയും പരിശീലകനുമായിരുന്നു. 1978ൽ പറവൂരിൽ ആദ്യമായി ദേശീയ ജൂനിയർ വോളിബാൾ ടൂർണമെന്റ് നടത്തിയപ്പോൾ സംഘാടക സമിതി ജനറൽ കൺവീനറുമായി. ആകാശവാണിയിൽ ഒട്ടേറെ നാടകങ്ങളിൽ പ്രധാന കഥാപാത്രമായി ശബ്ദം നൽകി. ലില്ലിപ്പൂക്കൾ എന്ന സിനിമക്കും ശബ്ദം നൽകി.
ഭാര്യ: എം.കെ. സാവിത്രി (റിട്ട. അധ്യാപിക, പറവൂർ ഗവ. ബോയ്സ് ഹൈസ്കൂൾ). മക്കൾ: സിനിയ (റിട്ട. അധ്യാപിക, വടക്കാഞ്ചേരി), ഡോ. സിബി കോമളൻ (അധ്യാപകൻ, മാല്യങ്കര എസ്.എൻ.എം. കോളജ്), ചിപ്പി (പോണ്ടിച്ചേരി), ഡിക്കി (ഫ്ലോറിഡ). മരുമക്കൾ: കേരളദാസൻ (റിട്ട. ഇറിഗേഷൻ വകുപ്പ്), വി.വി. മുരളി (കാംകോ), രാജൻ (പോണ്ടിച്ചേരി), ഓദമം (ഫ്ലോറിഡ). സംസ്കാരം വെള്ളിയാഴ്ച 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.