മുണ്ടൂർ: മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. എഴക്കാട് വടക്കേക്കര വീട്ടിൽ പരേതരായ മലയന്റെയും കാളിയുടെയും മകൻ കാശു (52) ആണ് മരിച്ചത്. കാശുവിന്റെ മൂന്നാമത്തെ മകളുടെ വിവാഹനിശ്ചയം വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു.ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മിന്നലും മഴയും ഉണ്ടായിരുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങി. വീടിന് പുറത്തേക്ക് ബൾബ് സ്ഥാപിക്കാനായി വയർ കെട്ടുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റയുടൻ ബന്ധുക്കൾ വൈദ്യുതി വിച്ഛേദിച്ച് കാശുവിനെ കോങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനാണ് കാശു.മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: പരേതയായ കമലം. മക്കൾ: സജിത, സബിത, സൗമ്യ, ശരണ്യ. മരുമക്കൾ: പ്രേമൻ, ചന്ദ്രൻ. സഹോദരങ്ങൾ: ചാമി, തങ്കമാളു.