ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ ചങ്ങനാശ്ശേരി അരമനപ്പടിക്ക് സമീപം കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചങ്ങനാശ്ശേരി കുറുമ്പനാടം തകടിയേൽ വീട്ടിൽ സജി മാത്യുവിന്റെ മകൻ ആൽബിൻ ടി. സജിയാണ് (കണ്ണാപ്പി -18) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദീപക് ഗുരുതര പരിക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. നാട്ടുകാർ ഉടൻ ആൽബിനെയും ദീപക്കിനെയും ചെത്തിപ്പുഴയിലെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ആൽബിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച പുലർച്ച മൂന്നോടെ മരണം സംഭവിച്ചു. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ്: സജി. സഹോദരി: അലീന ടി. സജി.