കോട്ടയം: തലയോലപ്പറമ്പ് മാർക്കറ്റിനടുത്ത് പഴയവാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന ആക്രിക്കടയിൽ കഴിഞ്ഞമാസം ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ ഈസ്റ്റ് ചമ്പാനരിൽ ഖങ്ങിനിയിൽ ബിക്കാദാസിന്റെ മകൻ രാജുകുമാറാണ് (20) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞമാസം 24ന് രാവിലെയാണ് തലയോലപ്പറമ്പ് മാർക്കറ്റ് - പാലാംകടവ് റോഡിൽ പ്രവർത്തിക്കുന്ന എൻ.എൻ ബ്രദേഴ്സ് ആക്രിക്കടയിൽ പഴയ അംബാസഡർ കാർ പൊളിക്കുന്നതിനിടെ അപകടം. കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെ ടാങ്കിൽ അവശേഷിച്ചിരുന്ന ഇന്ധനത്തിലേക്ക് തീ പടർന്നു. ഇതിനിടെ രാജുകുമാർ, സർവൻകുമാർ, അഭിജിത്ത് എന്നീ തൊഴിലാളികൾക്ക് പൊള്ളലേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അഭിജിത്ത് ഭേദമായി രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ടിരുന്നു. ഗുരുതര പരിക്കേറ്റ സർവൻ കുമാർ (34) ഇപ്പോഴും ചികിത്സയിലാണ്. രാജുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച വൈകീട്ട് നെടുമ്പാശ്ശേരിയിൽനിന്ന് വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോയി.