ശ്രീകൃഷ്ണപുരം: കരിമ്പുഴ പുഴയിൽ പാറക്കടവ് ക്ഷേത്രത്തിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മണ്ണമ്പറ്റ ചൊക്കത്ത് പേയാണ്ടത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ, ശ്രീലത ദമ്പതികളുടെ മകൻ ചന്ദൻ (18) ആണ് മരിച്ചത്. എറണാകുളം കുസാറ്റിൽ ബിരുദ വിദ്യാർഥിയാണ്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ സഹോദരൻ ഉജ്ജ്വലുമൊത്ത് കുളിക്കാനെത്തിയ ചന്ദൻ പാറയിലൂടെ നടക്കുമ്പോൾ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കരിമ്പുഴയിലെ ട്രോമാ കെയർ സ്റ്റേഷൻ യൂനിറ്റ് വളന്റിയർമാരെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. പാലക്കാട് ധോണിയിലാണ് ചന്ദനും കുടുംബവും സ്ഥിരതാമസം. മണ്ണമ്പറ്റയിലെ വീട്ടിൽ ഒഴിവു ദിവസങ്ങളിലാണ് എത്താറ്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.