കൊച്ചി: ഇടുക്കി കട്ടപ്പന എഴുകംവയൽ വിറ്റത്താണിക്കൽ വീട്ടിൽ റോഷൻ ജോസഫിനെ (44) ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം അമൃത ആശുപത്രിക്ക് സമീപത്തെ എൻ.കെ.എൽ ലോഡ്ജിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഈ മാസം 21നാണ് റോഷൻ ലോഡ്ജിൽ മുറിയെടുത്തത്. ഫിസിയോ തെറാപ്പിസ്റ്റാണെന്നാണ് ലോഡ്ജ് നടത്തിപ്പുകാരോട് പറഞ്ഞത്. 23 വരെ വാടക ഈടാക്കിയിരുന്നു. 24ന് വാടക ചോദിച്ചെങ്കിലും അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞു. പിറ്റേന്ന് മുറിയിലെത്തി വിളിച്ചെങ്കിലും തുറന്നില്ല. ഇന്നലെയും മുറി തുറക്കാതായതോടെ സംശയം തോന്നിയ ലോഡ്ജ് നടത്തിപ്പുകാർ പൊലീസിനെ അറിയിച്ചു. ചേരാനല്ലൂർ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യയും ഒരു മകനുമുണ്ട്.