കാക്കനാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കാക്കനാടിനുസമീപം തുതിയൂർ കുന്നത്തുചിറയിൽ സുബ്രഹ്മണ്യന്റെ മകൻ ശരത്താണ് (23) മരിച്ചത്. സുഹൃത്തുമൊത്ത് ഫുട്ബാൾ കളിക്കാൻ പോകുന്നതിനിടെ തിങ്കളാഴ്ച രാത്രി കാക്കനാട് നിലംപതിഞ്ഞിമുകൾ റോഡിൽ ശാന്തിനഗറിന് സമീപമാണ് അപകടം. സുഹൃത്ത് ജൂഡിനൊപ്പം ഫുട്ബാൾ കളിക്കായി ഇൻഫോ പാർക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു. ശരത് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്കും മതിലിലേക്കുമായി ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണകാരണം. ജൂഡിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര പൊലീസ് സ്റ്റേഷന് സമീപത്തെ ബാർബർ ഷോപ്പ് നടത്തുകയായിരുന്നു ശരത്. മാതാവ്: രേഖ. സഹോദരൻ: ശ്യാം.