വടശ്ശേരിക്കര: പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുണ്ടക്കയം ഏന്തയാർ സ്വദേശി ചിറ്റേതിൽ തറയിൽ ബിജുവിന്റെ മകൻ നിധിനാണ് (19) മരിച്ചത്. അത്തിക്കയം സ്വദേശിയുടെ ഹിറ്റാച്ചിയിൽ സഹായിയായിരുന്നു. അത്തിക്കയം വന്നിരുപ്പൻ മൂഴിയിലാണ് അപകടം. താമസസ്ഥലത്തിന് സമീപം കുളിക്കടവിൽ ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെ നിധിൻ കുളിക്കാനിറങ്ങി. നേരം വൈകിയും കാണാതായതോടെ കൂടെ പണിചെയ്യുന്നവർ പുഴയുടെ കരക്ക് വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷ സേനയും പൊലീസും വെള്ളത്തിൽ നടത്തിയ തിരച്ചിലിൽ രാത്രി 10 മണിയോടെ മൃതദേഹം കണ്ടെത്തി. കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.