ചാലക്കുടി: ദേശീയപാതയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കേച്ചേരി പൂവ്വത്തൂർ ഗോപുരത്തിങ്കൽ അഖിൽ (28) ആണ് മരിച്ചത്. ദേശീയപാതയിൽ തൃശൂരിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന റോഡിൽ പോട്ട സിഗ്നൽ കഴിഞ്ഞ് ഉപ റോഡിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ് വ്യാഴാഴ്ച രാവിലെയാണ് അപകടം.
മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് അതിന് തൊട്ടു പിന്നിൽ വന്ന മറ്റൊരു കാർ വന്നിടിച്ചതാണ് അപകടത്തിന് തുടക്കം. രണ്ടാമത്തെ കാറിന് പിറകിൽ തട്ടി അഖിൽ ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണു.
തൊട്ടുപിറകെ തമിഴ്നാട്ടിൽനിന്ന് പെരുമ്പാവൂരിലേക്ക് കരിങ്കൽ കയറ്റി പോവുകയായിരുന്ന ടോറസ് ലോറിക്കടിയിൽ പെട്ട് മരിക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുന്ന അഖിൽ രാവിലെ ജോലിക്ക് പുറപ്പെട്ടതായിരുന്നു. സമീപവാസികളും മറ്റു വാഹന യാത്രികരും ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അപകടസ്ഥലത്തുതന്നെ മരിച്ചു.