കാക്കനാട്: നാലാം നിലയിലെ ഫ്ലാറ്റിൽനിന്ന് വീണ് കോളജ് അധ്യാപികയായ യുവതി മരിച്ചു. വാഴക്കാല പൈപ്പ് ലൈൻ റോഡിനു സമീപം കെന്നഡിമുക്കിന് സമീപം ഫീനിക്സ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കിഷോറിന്റെ ഭാര്യ സ്മിത ആർ. നായരാണ് (42) മരിച്ചത്. കോയമ്പത്തൂരിലെ കോളജിൽ അധ്യാപകരായിരുന്നു ദമ്പതികൾ. കഴിഞ്ഞ ദിവസം പാലാരിവട്ടത്തെ കുടുംബവീട്ടിലായിരുന്ന സ്മിത വ്യാഴാഴ്ച രാവിലെ 6.45ഓടെയാണ് ഫ്ലാറ്റിലേക്ക് എത്തിയത്. കാർ പാർക്ക് ചെയ്ത് നാലാം നിലയിലെ ഫ്ലാറ്റിലേക്ക് കയറിയ സ്മിത ബാൽക്കണിയിലെ നെറ്റ് അറുത്തുമാറ്റിയ ശേഷം ചാടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പിതാവിന് സുഖമില്ലാതിരുന്നതിനാൽ ഭർത്താവ് കിഷോർ സ്ഥലത്തില്ലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നും മാനസിക ബുദ്ധിമുട്ടുകളാണ് മരണകാരണമെന്ന് കരുതുന്നതായും തൃക്കാക്കര പൊലീസ് പറഞ്ഞു.