ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്. അത്താണി വലപ്പാട് പുതിയവീട്ടിൽ നബീൽ - ഷാഹിദ ദമ്പതികളുടെ ഏകമകൻ നജീബാണ് (20) മരിച്ചത്. പരിക്കേറ്റ വാൻ ഡ്രൈവർ തൃശൂർ ചാഴൂർ കരിപ്പാംകുളം സ്വദേശി മുഹമ്മദ് അജ്മലിനെ (22) തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച 5.30ന് മുളക്കുഴ പാങ്കാവില്പടിയില് തടിമില്ലിനുസമീപമായിരുന്നു അപകടം. തൃശൂരില്‍നിന്ന് വരുകയായിരുന്ന ഡെയ്ലി ഫ്രഷ് മീറ്റിന്റെ ദോസ്ത് വാനും തിരുനെല്‍വേലിയില്‍ നിന്ന് വാഴൂരിലേക്ക് കച്ചിയുമായി പോകുകയായിരുന്ന പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്. ഡെയ്ലി ഫ്രഷ് മീറ്റിന്റെ ജീവനക്കാരാണ് നജീബും അജ്മലും. ഇവര്‍ ബുധനാഴ്ച രാത്രി 12ന് തൃശൂരില്‍നിന്ന് ചെങ്ങന്നൂരിലേക്ക് തിരിച്ചതാണ്. ചെങ്ങന്നൂരിലെ അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫിസര്‍ സുനില്‍ ജോസഫ്, സീനിയര്‍ ഓഫിസര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ വാന്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്ന രണ്ടുപേരെയും പുറത്തെടുത്തത്. ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു.