കണിമംഗലം: തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറും കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം മുൻ പ്രസിഡന്റും സിനിമ നിർമാതാവുമായിരുന്ന എം.കെ. സൂര്യപ്രകാശ് (68) നിര്യാതനായി. ജയ ബേക്കറി സ്ഥാപനങ്ങളുടെ പാർട്ണറും കണിമംഗലം ഉപഭോക്തൃ സഹകരണ സംഘം മുൻ പ്രസിഡന്റുമാണ്. തൃശൂർ കോർപറേഷനിൽ രണ്ടുതവണ കൗൺസിലറായിരുന്നു. ഡി.ഐ.സി പ്രതിനിധിയായിരിക്കെ 2005ലാണ് ഡെപ്യൂട്ടി മേയറായത്. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തി. കെ. കരുണാകരന്റെ അനുയായിയായിരുന്ന സൂര്യപ്രകാശ് കോൺഗ്രസ് വിട്ട് ഡി.ഐ.സിയിൽ ചേരുകയും പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിൽ ചേർന്ന് 41ാം ഡിവിഷനിൽ (കൂർക്കഞ്ചേരി) മത്സരിച്ചിരുന്നു. മിത്ര ഫിലിംസിന്റെ ബാനറിൽ ശാലിനി എന്റെ കൂട്ടുകാരി, പ്രേമഗീതങ്ങൾ എന്നീ ചിത്രങ്ങൾ നിർമിച്ചു. പിന്നീട് അമ്പിളി സംവിധാനം ചെയ്ത വീണപൂവ് സ്വതന്ത്രമായും നിർമിച്ചു. മുണ്ടപ്പാട്ട് കുമാരനാണ് പിതാവ്: ഭാര്യ: ബേബി. മക്കൾ: സരിഗ, സച്ചിൻ, നിമ. മരുമക്കൾ: റോഷൻ, ദിവ്യ, സിഷോ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വടൂക്കര എസ്.എൻ.ബി.പി ശ്മശാനത്തിൽ.