വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. അഞ്ചുമൂർത്തിമംഗലം തെക്കേതറ കൈക്കോള തറ പരേതനായ ഗണേശന്റെ ഭാര്യ മണി (62) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൈകൊളത്തറ കൃഷ്ണന്റെ ഭാര്യ പ്രേമക്ക് (56) ഗുരുതര പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെ മണ്ണുത്തിയിലേക്ക് പോയിരുന്ന കാർ ഡിവൈഡറിനു മുകളിലൂടെ പാഞ്ഞ് വന്നാണ് റോഡ് മുറിച്ച് കടക്കാൻ ഡിവൈഡറിൽ നിന്നിരുന്ന സ്ത്രീകളെ ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മണിയെ രക്ഷിക്കാനായില്ല. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. ഡ്രൈവർ കോയമ്പത്തൂർ സ്വദേശി ഗൗതമിനെ (35) വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മണിയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും. മക്കൾ: ശെൽവി, ശാന്തി, മണികണ്ഠൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ.