നെന്മാറ: നെന്മാറ വല്ലങ്ങി വേല കാണാനെത്തിയ രണ്ട് പേർ വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചു. ചിറ്റൂർ വണ്ടിത്താവളം ചുള്ളിമടയിൽ രാജന്റെ മകൻ ജിജേഷിനെ (24) തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് പഴവിള മേലെ പുത്തൻവീട്ടിൽ സുകുമാരന്റെ മകൻ മുരുകൻ (52) വേലപറമ്പിൽ ഞായറാഴ്ച രാത്രി 9.30ഓടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. എറണാകുളം ഫോർട്ട് കൊച്ചി ആർ.ആർ. ഓഫിസിലെ സ്പെഷൽ റവന്യൂ ഇൻസ്പെക്ടർ ആയിരുന്നു. കൂട്ടുകാരോടൊത്ത് പകൽ വേലക്ക് എത്തിയതായിരുന്നു ജിജേഷ്. രാത്രി ഭക്ഷണത്തിന് ശേഷം കൂട്ടം തെറ്റിപ്പോയ ജിജേഷിനെ കാണാതായതോടെ കൂട്ടുകാർ നെന്മാറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ജിജേഷിന്റെ മൃതദേഹം നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ കണ്ടെത്തുകയായിരുന്നു. മണ്ണുമാന്തിയന്ത്രം ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജിജേഷ്. മാതാവ്: സജിത. സഹോദരി: രാജിഷ. ഭാര്യാസഹോദരനോടൊപ്പം നെന്മാറ വേല കാണാനെത്തിയ മുരുകൻ രാത്രി 9.30ഓടെയാണ് വേലപ്പറമ്പിൽ കുഴഞ്ഞുവീണത്. ഉടൻ നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 10.40ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് നെന്മാറ പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ചിറ്റൂർ തഹസിൽദാർ അമൃതവല്ലിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.