കോട്ടയം: കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി അരിക് ഇടിഞ്ഞ് വീണ് മരിച്ചു. ഇറുമ്പയം മധുരക്കോട്ടിൽ പരേതനായ ചാക്കോയുടെ മകൻ വിൻസെന്റാണ് (46) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പൊതിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടം. കയറിൽ തൂങ്ങി കിണർ വൃത്തിയാക്കുന്നതിനിടെ ചവിട്ടിനിന്ന അരഞ്ഞാൺ തിട്ട ഇടിഞ്ഞതിനെത്തുടർന്ന് വിൻസെന്റ് പിടിവിട്ട് വീണ് ശ്വാസതടസ്സം നേരിട്ടു. സഹപ്രവർത്തകൻ രമണനും വീട്ടുടമ ആന്റോയും ചേർന്ന് കരക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേന കരക്കെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പൊതി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ചിന്നമ്മ. ഭാര്യ: അർച്ചന. മക്കൾ: ആൻ മരിയ, അയോണ മരിയ.