കോട്ടയം: അയർക്കുന്നം അമയന്നൂരിൽ പുലർച്ച പ്രാർഥനക്ക് വീട്ടിൽനിന്ന് ഇറങ്ങിയ പാസ്റ്ററെ വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അയർക്കുന്നം അമയന്നൂർ നല്ലുവീട്ടിൽ എൻ.കെ. മോഹനനാണ് (64) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെയാണ് സംഭവം. വീട്ടിൽനിന്ന് പ്രാർഥനക്ക് പുറത്തേക്ക് പോയ മോഹനൻ തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 500 മീറ്റർ അകലെ വാഴത്തോട്ടത്തിനടുത്ത് മൃതദേഹം കണ്ടെത്തിയത്. വായിൽനിന്ന് നുരയും പതയും വന്നിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം കണ്ടെത്തിയ പ്രദേശം കഞ്ചാവ് മാഫിയ സംഘത്തിന്റെ താവളമായതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാണകുന്നേല്‍ സഭയുടെ ഇളപ്പാനി സെമിത്തേരിയില്‍. ഭാര്യ: രാധ. മക്കള്‍: സുനിത, സുചിത്ര, സുവര്‍ണ. മരുമക്കള്‍: നിസാന്‍ കുണ്ടറ, മാത്തുക്കുട്ടി മുണ്ടക്കയം, ബിനീഷ് പാലക്കാട്.