അടൂർ: ചായ കുടിക്കാൻ ബൈപാസ് റോഡരികിൽനിന്ന ലോറി ഡ്രൈവർ കാറിടിച്ച് മരിച്ചു. തമിഴ്നാട് ധർമപുരി കറുത്തംപട്ടി സ്വദേശി മൂർത്തിയാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.15നാണ് സംഭവം. നെല്ലിമൂട്ടിൽപടിക്കു സമീപം ബൈപാസ് റോഡരികിലെ തട്ടുകടക്കു പുറത്ത് മൂർത്തി ചായ കുടിക്കാൻ നിൽക്കുകയായിരുന്നു. ലോറി സമീപത്തുതന്നെ പാർക്ക് ചെയ്തിരുന്നു. ഈ സമയം കോട്ടയം ഭാഗത്തുനിന്ന് വന്ന ഇന്നോവ വാഹനം നിയന്ത്രണംവിട്ട് മൂർത്തിയെ ഇടിച്ചിട്ടു. ഇവിടെ ലോട്ടറിക്കച്ചവടം ചെയ്യുന്ന സ്ത്രീ സമീപത്തെ തോട്ടിലേക്ക് ചാടിയിറങ്ങിയതിനാൽ അപകടത്തിൽപെട്ടില്ല. തട്ടുകടക്കുസമീപമിരുന്ന ബൈക്കിൽ ഇടിച്ചാണ് കാർ നിന്നത്.