മൂലമറ്റം: മീൻ പിടിക്കുന്നതിനിടെ യുവാവ് ഡാമിൽ വീണ് മരിച്ചു. കുളമാവ് കുന്നുംപുറത്ത് ഷിബുവാണ് (44) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മീൻ പിടിക്കാൻ പോയ ഷിബുവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ കുളമാവ് ഡാമിൽ കണ്ടെത്തുകയായിരുന്നു. മീൻ വല ദേഹത്ത് കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഷിബു ഒറ്റക്കാണ് കുളമാവിൽ താമസിക്കുന്നത്. ഭാര്യയും മക്കളും തിരുവനന്തപുരത്താണ്. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. തൊടുപുഴ സ്കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സരിത. മക്കൾ: സോന, സ്നേഹ, സീനാസ്. മരുമകൻ: മിധുൻ കൃഷ്ണ.