അടൂർ: ദമ്പതികൾ സഞ്ചരിച്ച ഓട്ടോയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ഭാര്യ മരിച്ചു. പന്തളം കുരമ്പാല മാവരപ്പാറ പ്ലാവിളയിൽ കിഴക്കേപ്പുരയിൽ ലീലാമ്മയാണ് (49) മരിച്ചത്. ഭർത്താവ് രാജു വർഗീസിന് (50) പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 7.40ന് ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയപാതയിൽ മണക്കാല വെള്ളക്കുളങ്ങരയിലാണ് അപകടം. പന്തളം തോന്നല്ലൂർ പ്രോംപ്റ്റ് മോട്ടോഴ്സിലെ ജീവനക്കാരിയാണ് ലീലാമ്മ. ഭർത്താവ് രാജു പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. കടമ്പനാട് മാഞ്ഞാലിയിൽ ലീലാമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവർ ആറുമാസമായി ഇവിടെയാണ് താമസിക്കുന്നത്. ബസ് കൊല്ലത്തുനിന്ന് അടൂരിലേക്ക് വരുകയായിരുന്നു. മക്കൾ: ക്രിസ്റ്റോ, ക്രിസ്റ്റി. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.