ആലപ്പുഴ: ബൈപാസിൽ കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ മംഗലം വാർഡ് മാലുപറമ്പിൽ പവനായിയുടെയും രമണിയുടെയും മകൻ നിധിനാണ് (23) മരിച്ചത്. ആലപ്പുഴ ബൈപാസിൽ വിജയ പാർക്കിന് സമീപം വ്യാഴാഴ്ച രാത്രി 11.15നായിരുന്നു അപകടം. കളർകോട് സുഹൃത്തിന്റെ ജ്യേഷ്ഠന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയിൽ ബൈക്ക് തട്ടി നിധിൻ ചക്രങ്ങൾക്ക് അടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തുകൂടി ലോറി കയറിയിറങ്ങി. വലതു കൈ അറ്റുപോയി. പിന്നാലെ ബൈക്കിലെത്തിയ സുഹൃത്തുക്കൾ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിധിൻ കയർ ഫാക്ടറി തൊഴിലാളിയാണ്. സഹോദരി: നിമ്മി.