കിഴുപ്പിള്ളിക്കര: മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തോട്ടി ഉരസിയതിനെ തുടർന്ന് ഷോക്കേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു. വർഷങ്ങളായി കിഴുപ്പിള്ളിക്കര സെന്ററിലെ കടയിൽ വാടകക്ക് താമസിക്കുന്ന വള്ളുവ വീട്ടിൽ ശങ്കർ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ പാലിത്താഴത്ത് വീരാവുവിന്റെ വീട്ടിൽ മാവിൽ കയറി മാങ്ങ പറിക്കുമ്പോഴായിരുന്നു ഷോക്കേറ്റത്. ഉടൻ മരിച്ചു. മാവിൻ കൊമ്പിൽ തൂങ്ങി കിടക്കുകയായിരുന്ന മൃതദേഹം അഗ്നി രക്ഷാ സേന പ്രവർത്തകൻ എത്തിയാണ് താഴെയിറക്കിയത്. തുടർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചു. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ശങ്കറിന് ഭാര്യയും മക്കളുമുണ്ട്.