കാക്കനാട്: തമിഴ്നാട് സ്വദേശിയെ കാക്കനാട്ടെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊള്ളാച്ചി സ്വദേശിയായ എം. ശിവനാണ് (52) മരിച്ചത്. ഗെയിൽ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട ജോലികൾക്ക് എത്തിയതായിരുന്നു.
സംഭവത്തിൽ ദുരൂഹത ഇല്ലെന്നും നെഞ്ചുവേദനയെത്തുടർന്നാണ് മരണമെന്നുമാണ് വിവരം. ശനിയാഴ്ച ഉച്ചയോടെ കാക്കനാടിന് സമീപം തുതിയൂർ ആനമുക്കിലെ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ ഒപ്പമുണ്ടായിരുന്നവരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് തൃക്കാക്കര പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് പരിശോധനയിൽ നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നതായി കണ്ടെത്തി. ശനിയാഴ്ച രാവിലെയും ദേഹാസ്വാസ്ഥ്യം തോന്നിയതുകൊണ്ട് സമീപത്തെ മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് വാങ്ങിയിരുന്നു. ഇൻക്വസ്റ്റിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.