മട്ടാഞ്ചേരി: കടലിൽ മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് തൊഴിലാളി മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി ബ്രിട്ടോയാണ് (38) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. വൈപ്പിൻ കാളമുക്ക് ഹാർബറിൽനിന്ന് പുറപ്പെട്ട ‘ഗോഡ്സ് ഗ്രേസ്’ എന്ന ഫൈബർ വള്ളം കൊച്ചി തീരത്തുനിന്ന് 34 കിലോമീറ്റർ പടിഞ്ഞാറ് മാറി മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മിന്നലേറ്റത്. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാലംഗസംഘം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ശക്തമായ ഇടിയും മിന്നലുമുണ്ടായത്. എല്ലാവരും വള്ളത്തിൽ കമിഴ്ന്നുകിടന്നു. പിന്നീട് ബ്രിട്ടോ അനക്കമറ്റ് കിടക്കുകയായിരുന്നുവെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു. വള്ളത്തിലെ കന്യാകുമാരി സ്വദേശികളായ മറ്റ് തൊഴിലാളികൾ സുരക്ഷിതരാണ്. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.