പാലാ: പാലാ-പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം റോഡ് മുറിച്ചുകടക്കവേ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. പൂവരണി ആനിക്കുഴിയിൽ ഭാസ്കരന്റെ ഭാര്യ ലക്ഷ്മിയാണ് (70) മരിച്ചത്. ചെന്നാട് നെല്ലിയാനിക്കുന്നേൽ കുടുംബാംഗമാണ്. ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. അപകടം നടന്നയുടൻ പൈകയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊൻകുന്നം ഭാഗത്തുനിന്ന് പാലാക്ക് വരുകയായിരുന്ന ബൈക്കാണ് ഇടിച്ചത്. ബൈക്ക് യാത്രികനെ പരിക്കുകളോടെ പൈക ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പൊലീസ് കേസെടുത്തു. മക്കൾ: കുഞ്ഞമ്മണി, പൊന്നമ്മ, സുമ, ഉഷ, സുധ, സുധീഷ്. സംസ്കാരം തിങ്കളാഴ്ച 10.30ന് വീട്ടുവളപ്പിൽ.