കാഞ്ഞാണി: പെരുമ്പുഴ പാടത്തിനുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. വാടാനപ്പള്ളി ഗണേശ മംഗലം അറക്കവീട്ടിൽ അബ്ദുല്ലയുടെ മകൻ ഷിഹാസാണ് (ചാച്ചു -36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗണേശമംഗലം സ്വദേശി കിരണിന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ഷിഹാസിനെ ഉടൻ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു. റോഡിലെ ഫുട്പാത്തിലേക്ക് തെറിച്ചുവീണ കിരണിനെ പിന്നീടാണ് കണ്ടെത്തിയത്.
നാട്ടുകാർ തൃശൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ഷിഹാസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മാതാവ്: ജമീല. ഭാര്യ: നസീറ. ഏക മകൻ: ജാസിൽ.