ആലുവ: കനാലിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. നാലാം മൈൽ നീരേലിൽ സലീമിന്റെ മകൻ മുഹമ്മദ് ഷാഫിയാണ് (18) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ ആഴമേറിയ കനാലിലേക്ക് ബോധരഹിതനായി വീഴുകയായിരുന്നു. തിരച്ചിൽ നടത്തി കനാലിൽനിന്ന് പുറത്തെടുത്ത ഷാഫിക്ക് ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു. കുട്ടമശ്ശേരി ഗവ.എച്ച്.എസ്.എസ് പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയായിരുന്നു. മാതാവ്: റംല. സഹോദരി: ഷാഫിന.