ആലത്തൂർ: വഴിയോരത്തെ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. മേലാർക്കോട് കോട്ടാംപൊറ്റയിൽ പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (72) ആണ് വ്യാഴാഴ്ച പുലർച്ച 12.30ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് ഷോക്കേറ്റത്. വീടിന് മുൻഭാഗത്തെ റോഡിലൂടെ നടന്നുപോകുമ്പോൾ എതിരെ വാഹനം വന്നതിനെ തുടർന്ന് വശത്തേക്ക് മാറി കമ്പിവേലിക്കാലിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. കമ്പിവേലിയോട് ചേർന്ന് വൈദ്യുതി കാലിന്റെ സപ്പോർട്ട് വയർ ഉണ്ടായിരുന്നു. അതിൽനിന്നാണ് വേലിയിലേക്ക് വൈദ്യുതി പ്രവഹിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മക്കൾ: ജയഭാരതി, പ്രീത. മരുമക്കൾ: ശ്യാം സുന്ദർ, പരേതനായ സ്വാമിനാഥൻ.