കായംകുളം: മരുമകൾക്ക് വിഷുക്കൈനീട്ടം നൽകി ഭർത്താവിന് ഒപ്പം ബൈക്കിൽ മടങ്ങിയ വീട്ടമ്മ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് തട്ടി മരിച്ചു. കൃഷ്ണപുരം കൊച്ചുവീട്ടിൽ ശശിധരന്റെ ഭാര്യ സുധയാണ് (58) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ശശിധരനെ (66) പരിക്കുകളോടെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ കെ.പി.എ.സി ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ 11നായിരുന്നു അപകടം. രാമപുരത്തെ മരുമകൾക്ക് വിഷുക്കൈനീട്ടം നൽകി മടങ്ങുകയായിരുന്നു. അപകടം നടന്നയുടൻ സുധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ശംഭു, സൂര്യ.