കോട്ടയം: കുടുംബവഴക്കിൽ മനംനൊന്ത് മാതാപിതാക്കളോട് പിണങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി സ്വയം തീകൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം അറക്കപറമ്പില്‍ ശരത്തിന്റെ മകന് മാധവ് എസ്. നായരാണ് (12) മരിച്ചത്. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച രാവിലെ 11ഓടെ ശരീരത്തിൽ പെട്രോളൊഴിച്ചശേഷം കുട്ടി തീ കൊളുത്തിയെന്ന് പൊലീസ് പറയുന്നു.
കുടുംബവഴക്കിനെത്തുടർന്ന് ദുഃഖിതനായ മാധവ് ഇതിന്റെ പേരിൽ മാതാപിതാക്കളോട് പിണങ്ങി, വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തി. സമീപവാസികള്‍ എത്തി തീ അണച്ചെങ്കിലും 80 ശതമാനം പൊള്ളലേറ്റിരുന്നു. നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം പിന്നീട്. മാധവിന്റെ അച്ഛൻ ശരത് ചെറുവള്ളിക്കാവ് ദേവസ്വം ജീവനക്കാരനാണ്. മാതാവ്: സുനിത. സഹോദരി: മീനാക്ഷി എസ്. നായർ (ശ്രീഭദ്ര പബ്ലിക് സ്കൂൾ).