പന്തളം: നിയന്ത്രണംവിട്ടെത്തിയ കാറിടിച്ച് ഓട്ടോ ഡ്രൈവറായ പന്തളം മുടിയൂർക്കോണം അറത്തിൽമുക്ക് കളീക്കൽ വീട്ടിൽ കെ.ജി. രാജു (48) മരിച്ചു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു അപകടം. എം.സി റോഡിൽ കുളനട ഓർത്തഡോക്സ് പള്ളിക്ക് സമീപം ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ട് കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു.
ഓട്ടോയുടെ ഇടതുവശത്ത് ചാരിനിന്ന് പോക്കറ്റിൽനിന്ന് പണമെടുക്കവേ ചെങ്ങന്നൂർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ അമിതവേഗത്തിലെത്തി ഓട്ടോയുടെ പിന്നിൽ ഇടിച്ചു.
നടപ്പാതയിൽ സ്ഥാപിച്ച കൈവരിക്കും ഓട്ടോക്കുമിടയിൽ ഞെരുങ്ങിയാണ് മരണം സംഭവിച്ചത്. പന്തളം പൊലീസ് കേസെടുത്തു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: രേഷ്മ, രജീഷ്.