മൂവാറ്റുപുഴ: അപകടമേഖലയായ തൃക്കളത്തൂരിൽ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ കെ.എസ്.ആർ.ടി.സി ബസും മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ ഒരാൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കാർ യാത്രികരായ മൂന്നുപേരെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മൂവാറ്റുപുഴയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അതിരമ്പുഴ കോട്ടക്കുപുറം നിരപ്പേൽ സാബു ദേവസ്യയുടെ മകൻ സനീഷ് ദേവസ്യയാണ് (30) മരിച്ചത്. സഹയാത്രികരും ബന്ധുക്കളുമായ കോട്ടയം കാണക്കാരി പുതിയപറമ്പിൽ അഖിൽ ജോസ് (24), കാണക്കാരി നിരപ്പേൽ ഗീതുമോൾ (24), നിരപ്പേൽ ജിൽ മോൾ (28) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ബസിലുണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മലയാറ്റൂർ തീർഥാടനത്തിനുശേഷം തിരികെ ഏറ്റുമാനൂർക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പെരുമ്പാവൂർക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞശേഷം ബസിൽ ഇടിച്ചെന്ന് പറയുന്നു. കാർ പൂർണമായി തകർന്നു. അപകടത്തിൽപെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും അഗ്നിരക്ഷാ സേനാ അംഗങ്ങളും ചേർന്ന് പുറത്തെടുത്തത്.
സനീഷ് ദേവസ്യയുടെ മാതാവ്മണ്ണാർകുന്ന് കുടുംബാംഗം ലിസി സാബു. സഹോദരൻ: സനു.