ചാവക്കാട്: ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വടക്കേക്കാട് മണികണ്ഠേശ്വരം വെൺമാടത്തയിൽ അബ്ദുൽ ജലീലിന്റെ മകനും കൊച്ചന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയുമായ മുഹമ്മദ് നിഹാലാണ് (18) മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന മാവിൻചുവട് നാക്കോല റോഡിൽ ചുള്ളയിൽ നിസാറിന്റെ മകൻ നഹൽ (17), സ്കൂട്ടർ യാത്രികൻ എടക്കഴിയൂർ ആനക്കോട്ടിൽ കരീമിന്റെ മകൻ നദീം (24) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11ഓടെ അകലാട് ഒറ്റയിനി മദ്റസക്ക് സമീപമാണ് അപകടം. എടക്കഴിയൂരിലെ സുഹൃത്തിന്റെ വീട്ടിൽ നോമ്പുതുറയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു നിഹാലും നഹലും. മൂവരെയും മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിഹാൽ മരിച്ചു. ഗുരുതര പരിക്കേറ്റ നഹലിനെ തൃശൂർ അശ്വനി ആശുപത്രിയിലേക്കും നദീമിനെ തൃശൂർ ദയ ആശുപത്രിയിലേക്കും മാറ്റി. ഷരീഫയാണ് മരിച്ച നിഹാലിന്റെ മാതാവ്. സഹോദരങ്ങൾ: സുഹൈൽ, മുഹമ്മദ് ഷീസ്.