കൊല്ലങ്കോട്: നിയന്ത്രണംതെറ്റിയ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. സഹായിക്ക് പരിക്കേറ്റു. പല്ലശ്ശന പല്ലാവൂർ ചെറുമണിക്കട് ചെക്ക്ഡാമിൽ വ്യാഴാഴ്ച രാവിലെ 8.30ന് നടന്ന അപകടത്തിൽ തൂറ്റോട് വാരിയത്ത്പറമ്പ് പരേതനായ അപ്പുവിന്റെ മകൻ കുഞ്ചാണ്ടിയാണ് (57) മരിച്ചത്. പരിക്കേറ്റ ചെറുമണിക്കാട് കൃഷ്ണൻ എന്ന കുഞ്ചൻ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പല്ലാവൂരിലെ സ്വകാര്യ അരി മില്ലിൽനിന്ന് ട്രാക്ടർ പെട്ടിയിൽ ചാരം കയറ്റി ചെറുമണിക്കാട്ടിലെ നെൽവയലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. തടയണയുടെ വീതി കുറഞ്ഞ നടപ്പാതയിലൂടെ കയറിയ ട്രാക്ടർ നിയന്ത്രണംതെറ്റി തോട്ടിലേക്ക് മറിയുകയായിരുന്നു. ട്രാക്ടറിനടിയിൽ കുടുങ്ങിയ കുഞ്ചാണ്ടിയെ ആലത്തൂരിൽനിന്ന് അഗ്നിരക്ഷ സേന എത്തി ട്രാക്ടർ മാറ്റി പുറത്തെടുക്കുമ്പോഴെക്കും മരിച്ചിരുന്നു.പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മാതാവ്: മാതു. ഭാര്യ: സരോജനി. മക്കൾ: വിപിൻദാസ്, വിസ്മയ. സഹോദരങ്ങൾ: വേശു, ദേവു, രാജൻ.